അമ്മയുടെ പിണക്കം

അന്നും ഞാൻ വൈകിയെത്തി. പള്ളിയിൽ അമ്മുമ്മയുടെ കല്ലറ കാണാൻ ഞാനും അമ്മയും എല്ലാ കൊല്ലവും വരുമെങ്കിലും ഒരിക്കൽ പോലും ഞാൻ സമയത്തു എത്തിയിട്ടില്ല. ഇപ്രാവശ്യവും അമ്മ വളരെ നേരത്തെ അവിടെ എത്തിയിരുന്നു. ഓടി കിതച്ചെത്തിയ എന്നെ കണ്ടിട്ടും, ഒന്ന് അനങ്ങുക പോലും ചെയ്യാതെ അമ്മ അമ്മുമ്മയുടെ കല്ലറക്കടുത്തു തല തിരിച്ചിരിക്കുകയായിരുന്നു. അമ്മ ദേഷ്യത്തിലാണെന്ന് കണ്ട ഞാൻ അമ്മുമ്മയുടെ കല്ലറയോട് ഉറക്കെ സംസാരിക്കാൻ തുടങ്ങി

“അമ്മുമ്മ, സുഖല്ലേ, ഞാൻ ഇന്നും വൈകിന്നേ. ‘അമ്മ ഇങ്ങോട്ടു നേരത്തെ പൊന്നില്ലേ എന്നെ എണീപ്പിക്കാൻ പോലും ആരും ഉണ്ടായില്ല. തന്നത്താൻ എഴുന്നേറ്റ് ഭക്ഷണം ഒക്കെ കഴിച്ചിട്ട് വന്നപ്പോൾ സമയം വൈകിയതാ. അമ്മ കുറച്ച വൈകി ഇറങ്ങിയാൽ ഞാൻ കൃത്യ സമയത്ത് എത്തിയേനെ.”

ഇതും പറഞ്ഞു ഞാൻ അമ്മയെ നോക്കി. ഒരു കൂസലും ഇല്ലാതെ അമ്മ അനങ്ങാതെ എങ്ങോട്ടോ നോക്കി ഇരിക്കുന്നു. അമ്മയെ കേൾപ്പിക്കാൻ ഞാൻ എന്റെ ശബ്ദം കൂട്ടി.

“അമ്മുമ്മക്കറിയില്ലേ അമ്മ ഇല്ലേൽ നമ്മുടെ വീട്ടിൽ ഒന്നും നടക്കില്ലെന്ന്. രാവിലെ മുതൽ രാത്രി വരെ ഭക്ഷണം, വീട് വൃത്തിയാക്കൽ, ഷൂസ്, ഷോപ്പിംഗ്, ഡ്രസ്സ് കഴുകുന്നത്, തേക്കുന്നത്, വീട് വൃത്തിയാക്കുന്നത്. ഹോ.. എന്തൊക്കെയാ ചെയ്യണേ. എന്നിട്ട് ഇന്നേ വരെ ഒരു പരാതി പറഞ്ഞിട്ടുണ്ടോ. എന്നിട്ട് എന്തെങ്കിലും ഒരു കാര്യം അമ്മേടെ ഭാഗത്തുന്ന അച്ഛൻ മുതൽ രണ്ടു വയസ്സുള്ള നമ്മുടെ അമ്മുക്കുട്ടി വരെ അമ്മേനെ ചീത്ത പറയും. അതൊന്നും മറക്കാൻ പറ്റില്ല അമ്മുമ്മേ. മറക്കാൻ പറ്റില്ല. ഞാൻ ഒരു കാര്യം പറഞ്ഞേക്കാട്ടോ. എനിക്ക് ആരെക്കാളും ഈ ലോകത്തു ഇഷ്ടം അമ്മേനെയാ. അതത്രേയുള്ളൂ.”

ഇത് കേട്ടിട്ടും അമ്മ പാറ പോലെ അവിടെ ഇരിക്കുകയാണ്. സംഗതി വിഷയം വലുതാണെന്ന് കണ്ടപ്പോൾ. അമ്മുമ്മയുടെ കല്ലറയോട് ആംഗ്യത്തിൽ വിട പറഞ്ഞു ഞാൻ അമ്മയുടെ അടുത്തു ചെന്നു. എന്നിട്ട് പതിഞ്ഞ ശബ്ദത്തിൽ പറയാൻ തുടങ്ങി.

“അമ്മെ, എന്നോട് ക്ഷമിക്ക്, പെട്ടെന്ന് അമ്മ വീട്ടിൽ ഇല്ലാതായപ്പോൾ ഞാൻ വൈകിയതാ. എനിക്കറിയാം, ‘അമ്മ എപ്പോഴും പറയാറുള്ള കാര്യം. എനിക്ക് ഉത്തരവാദിത്വം വേണം, സമയനിഷ്ഠ വേണം. അമ്മയാണേ സത്യം അമ്മ, ഞാൻ ഇനി നന്നാവും. എല്ലാം കൃത്യമായി ചെയ്തോളാം. പ്ളീസ് പിണക്കം വിടമ്മ. ഒന്ന് സംസാരിക്ക്. എനിക്ക് ആ ശബ്ദം കേൾക്കാതെ പ്രാന്ത് പിടിക്കുന്നു. ‘അമ്മ ഇങ്ങനെ ഇരുന്നാൽ വീട്ടിൽ അച്ഛനും, ചേച്ചിക്കും അമ്മുക്കുട്ടിക്കും എല്ലാം സങ്കടം ആവും”

പറഞ്ഞു കൊണ്ടിരിക്കെ ഞാൻ വികാരാധീനനായി. കണ്ണിൽ നിന്ന് കണ്ണീരു പൊഴിയാൻ തുടങ്ങി. എന്നിട്ടും ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ഇരിക്കുന്ന അമ്മയെ കണ്ടപ്പോൾ എന്റെ ഹൃദയം വിങ്ങി പൊട്ടി.

കുറച്ചു നിമിഷങ്ങൾ കഴിഞ്ഞു ഞാൻ കണ്ണീരു തുടച്ചു അമ്മയോട് പറഞ്ഞു. “ശെരി അമ്മ. ‘അമ്മ കുറച്ച കഴിഞ്ഞു വാ. ഞാൻ ഇപ്പോൾ പോകുന്നു.” അത് പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു. കണ്ണിൽ നിന്നും അപ്പോഴും ചെറു കണ്ണീർ തുള്ളികൾ പൊഴിയുന്നുണ്ടായിരുന്നു. ഇതെല്ലം കണ്ടു വികാരിയച്ചൻ നടന്നു വന്നു. എന്നെയും എന്റെ പിന്നിലും നോക്കി ഒന്നുമറിയാതെ അദ്ദേഹം പകച്ചു നിന്നു. അദ്ദേഹത്തിന്റെ സംശയങ്ങൾ മാറ്റാനായി ഞാൻ പറഞ്ഞു.

“കല്ല് പോലെ ഇരുന്നാലും അമ്മയല്ലേ അച്ഛാ. എനിക്ക് മിണ്ടിയല്ലേ പറ്റു.”

അച്ഛൻ അത് കേട്ട് എല്ലാം മനസ്സിലായ പോലെ ഒരു നോട്ടം നോക്കി തലയാട്ടി. അപ്പോൾ ഞാൻ വിഷമത്തിനിടയിലും ഒരു ചിരി തൂകി. എന്നിട്ട് പിന്നിലേക്ക് നോക്കി അമ്മയോട് പറഞ്ഞു.

“ശെരി അമ്മെ. പിണക്കം മാറിയാലും ഇല്ലെങ്കിലും ഞാൻ ഇനിയും വരും. അടുത്ത കൊല്ലം ഇതേ ദിവസം കൃത്യ സമയത്തു.”

അതും പറഞ്ഞു ഞാൻ നടന്നു. അപ്രതീക്ഷിതമായി ഒരു ചാറ്റൽ മഴ പെയ്യാൻ തുടങ്ങി. ചിലപ്പോൾ ‘അമ്മ എന്നെ ഓർത്തു കരഞ്ഞതാകാം.

10.8505159, 76.2710833

One Reply to “അമ്മയുടെ പിണക്കം”

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.