#SAVEALAPPAD Hope of a Vanishing Village

” അച്ഛാ, എനിക്ക് ഐസ് ക്രീം വേണം ” അപ്പു എന്നോട്  ആകാംഷയോടെ ചോദിച്ചു. ആ നിഷ്കളങ്കമായ മുഖം കണ്ട എങ്ങനെ വേണ്ടാന്ന് പറയാനാ. ഞാൻ അവനെ ചന്ദ്രേട്ടന്റെ കടയിൽ കൊണ്ട് പോയി. ചന്ദ്രേട്ടൻ അവിടെ താടിക്കു കയ്യും കൊടുത്ത് കടലിലേക്കും നോക്കി ഇരിക്കുവായിരുന്നു.

“എന്താ ചേട്ടാ, നല്ല ചിന്തയിലാണല്ലോ. ഇവന് ഒരു ഐസ് ക്രീം കൊടുത്ത് ബാക്കി ചിന്തിച്ചാലോ?”

സാധാരണ ഇങ്ങനെ ഒരു ചളി കേട്ടാൽ കൌണ്ടർ അടിക്കുന്ന ചന്ദ്രേട്ടൻ അന്ന് ഒരു ചെറു ചിരിയിൽ ഒതുക്കി. അപ്പുന്റെ ആവശ്യ പ്രകാരം ഒരു സ്റ്റൗബെറി ഐസ് ക്രീം കൊടുത്തിട്ട് വീണ്ടും കടലിനെ നോക്കി ഇരിക്കാൻ തുടങ്ങി. 

പതിവില്ലാത്ത ആ ഇരിപ്പു കണ്ട ഞാൻ ചോദിച്ചു 

“എന്താ ചേട്ടാ? എന്ത് പറ്റി?”

ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം ചന്ദ്രേട്ടൻ സംസാരിച്ചു തുടങ്ങി.

“വിനു, 35 കൊല്ലം മുൻപാ ഞാൻ ഈ കട തുറന്നെ അന്ന് നീ ജനിച്ചിട്ടില്ല. അന്ന് ഇവിടുന്ന് 8 KM ദൂരെയായിരുന്നു കടൽ. പിന്നെ മൈനിങ് കാരണം കടൽ അടുക്കാൻ തുടങ്ങി, സുനാമി വന്നു, അങ്ങനെ പലതും ഉണ്ടായി. പലരും പറഞ്ഞു വേറെ എവിടെങ്കിലും പോകാമെന്ന്. എന്നിട്ടും ജനിച്ച നാട്ടിൽ തന്നെ ജീവിച്ചു മരിക്കാനാ ഇത്രേം കഷ്ടപ്പെട്ട് ഇവിടെ നിന്നെ. പക്ഷെ, ഇപ്പോൾ കടലിന്റെ കടന്നു കയറ്റം നമ്മുടെ കായൽ വരെ എത്തിയിരിക്കുന്നു. 8 കിലോമീറ്റർ ദൂരെ ആയിരുന്ന കടൽ ഇപ്പോൾ കണ്മുന്നിൽ കാണുന്നു. ഈ  നാട് വിഴുങ്ങിയെ കടലടങ്ങു എന്നാ തോന്നുന്നേ. കടലിനെ എന്തിനു പറയുന്നു. നമ്മൾ എന്ത് ചെയ്തു. നമ്മുടെ സർക്കാരുകൾ എന്ത് ചെയ്തു. പോയപ്പോൾ നമ്മളെ പോലെ കുറെ പേർക്ക് പോയി.”

എന്നും പ്രത്യാശയോടെ സംസാരിച്ചിരുന്ന ചന്ദ്രേട്ടന്റെ പെട്ടെന്നുള്ള നിരാശ എനിക്ക് അത്ഭുതമായിരുന്നു. ശെരിക്കും കാര്യത്തിന്റെ ഗൗരവം അപ്പോഴാണ് എനിക്കും മനസ്സിലായത്. പോവേണ്ടി വന്നാൽ എങ്ങോട്ടു പോവും? സർക്കാർ നമ്മളെ സഹായിക്കും എന്നൊക്കെ ചിന്തിക്കുന്നത് എത്രത്തോളം പ്രയോഗികമാണ് എന്ന എല്ലാവര്ക്കും അറിയാം.  ഇതൊന്നുമറിയാതെ ഐസ് ക്രീം കഴിച്ചു രസിക്കുന്ന അപ്പൂനെ നോക്കിയപ്പോൾ എനിക്ക്  കൂടുതൽ വിഷമംതോന്നി . “ദൈവമേ, ഇവന്റെ ജീവിതത്തിൽ ഒരു പ്രെശ്‌നവും ഉണ്ടാക്കാതെ കൊണ്ട് പോവാൻ പറ്റണേ എന്ന പ്രാർത്ഥനയെ ഉള്ളു.” എന്ന മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ ചന്ദ്രേട്ടനെ നോക്കി.

“ഹാ വിഷമിക്കല്ലേ ചന്ദ്രേട്ടാ. നമ്മുടെ പിള്ളേരുടെ പ്രയത്നം കൊണ്ട് ഈ പ്രെശ്നം ഇപ്പൊ കേരളം മൊത്തം അറിഞ്ഞില്ലേ. കേരളം മുഴുവൻ നമ്മുടെ കൂടെ ഉള്ളപ്പോ അങ്ങനെ ഒന്നും ഉണ്ടാവില്ല. ചന്ദ്രേട്ടനും കടയും എന്നും ഇവിടെ തന്നെ കാണും.”

ഞാൻ എന്റെ പേടി പുറത്തു കാട്ടാതെ പറഞ്ഞു. എന്നാലും ഉള്ളിന്റെ ഉള്ളിൽ പേടിയായിരുന്നു. ആ പേടിക്ക്  ആക്കം കൂറ്റൻ ചന്ദ്രേട്ടന്റെ വാക്കുകൾക്കായി.

“പറയുമ്പോൾ കേരളം മുഴുവൻ കൂടെ ഉണ്ട്. എന്നാലും എല്ലായിപ്പോഴും പോലെ കുറച്ച ദിവസം കഴിഞ്ഞാൽ ഇതെല്ലംതണുത്താലോ? ഈ ചൂടിറങ്ങിയാൽ പിന്നെ ആലപ്പാടു കാരെന്നോ കേരളത്തിന്റെ നാവിക സേനയെന്നോ പ്രളയത്തിൽ രക്ഷിച്ചവരെന്നോ പറഞ്ഞിട്ട് കാര്യമില്ല. ആ പ്രളയത്തേക്കാൾ കൂടുതൽ ആഘാദവും നഷ്ടവും ചിലപ്പോൾ നമുക്ക് ഉണ്ടായേക്കാം. സ്വന്തം ജന്മഭൂമിയെ നഷ്ടപ്പെടാൻ പോവുന്നെ. ജീവിക്കാനൊരു ഇടത്തിനു വരെ തെണ്ടേണ്ടി വരും”

ആ വാക്കുകൾക്കു ഒരു കല്ല് ഞെഞ്ചിൽ തറച്ച വേദന ഉണ്ടായിരുന്നു. ആ ശബ്ദത്തിൽ നിസഹായദയുടെ വിഷമം തുളുമ്പുന്നുണ്ടായിരുന്നു. ആ വിഷമത്തിനു കാതോർത്തതിന് ശേഷം ഒന്നും മിണ്ടാൻ എനിക്കായില്ല. 

കുറച്ച നേരത്തെ നിശബ്ദതയ്ക്കു ശേഷം ഞാൻ ഒരു ആശ്വാസ വാക്കായി പറഞ്ഞു.

“ഇല്ല ചന്ദ്രേട്ടാ. നമ്മൾ അത്രയും പാപം ചെയ്തവരല്ല. ഈ മണ്ണ് നമ്മുടെയാണ്. അതിനെ ഭൂമിയിൽ നിന്നടർത്താൻ നാം സമ്മതിക്കില്ല. പ്രളയത്തിൽ നമ്മൾ കാണിച്ച ധീരത മറക്കാൻ മാത്രം അത്ര ചെറിയ മനസ്സുള്ളവരല്ല നമ്മുടെ നാട്ടുകാർ. അവർ നമ്മുടെ കൂടെ ഉണ്ടാവും. ചന്ദ്രേട്ടന്റെ ഈ കട ഇവിടെ തന്നെ ഉണ്ടാവും. ഈ കടൽ ഇനി ഒരിന്ജ് മുന്നോട്ട് വരില്ല.”

എന്റെ സാഹിത്യം കേട്ടിട്ടൊന്നും ചന്ദ്രേട്ടന്റെ മനസ്സ് മാറിയില്ല, ഇതൊക്കെ പറയാൻ കൊള്ളാം എന്ന മട്ടിൽ അദ്ദേഹം ഇരുന്നു. 

ഒട്ടും പ്രതീക്ഷിക്കാതെ ഒരു കുഞ്ഞു ശബ്‍ദം  പിന്നിൽ നിന്ന് വന്നു. 

“ചന്ദ്രേട്ടൻ ഒട്ടും പേടിക്കണ്ടാട്ടാ, ഞാൻ എന്നും ഈ കടേന്ന് തന്നെ ഐസ് ക്രീം മേടിച്ചു കയ്ക്കും”

അപ്പുവായിരുന്നു അത്. അവൻ ഐസ് ക്രീം കഴിച്ചിട്ട് ഞങ്ങളുടെ സംസാരം കേട്ടിരിക്കുവായിരുന്നു.  അത് കേട്ടതും, ചന്ദ്രേട്ടന്റെ മുഖം ഒന്ന് തിളങ്ങി, അദ്ദേഹം ചിരിക്കാൻ തുടങ്ങി. എനിക്കും ചിരി അടക്കാൻ കഴിഞ്ഞില്ല. ചിരിച്ചു കൊണ്ട് ചന്ദ്രേട്ടൻ അപ്പുവിനെ അടുത്തു വിളിച്ചു. എന്നിട്ട് കെട്ടി പിടിച്ചു പറഞ്ഞു, 

“അതെ മോനെ, നിനക്ക് ഐസ് ക്രീം തരാൻ ഞാൻ എന്നും ഇവിടെ ഉണ്ടാവും.”

അവിടെ നിന്ന് ഇറങ്ങി പോരുമ്പോൾ ഒന്ന് ഉറപ്പിച്ചാണ് നടന്നത്. ഈ മണ്ണിൽ തന്നെ ജീവിക്കുമെന്ന്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തടഞ്ഞാലും  ഇവിടെ കിടന്നു തന്നെ മരിക്കുമെന്ന്. ആ വിശ്വാസത്തിന്റെ വലിയ പങ്ക്  ഞങ്ങൾ ഉറപ്പിച്ചിരുന്നത് കേരളം ജനതയിലാണ്. ഇപ്പോൾ നമ്മുടെ നാട്ടിലെ ചുള്ളന്മാരും ട്രോളന്മാരും മൊബൈൽ ജീവികളും അടങ്ങുന്ന നിലപാടുള്ള ഒരു യുവ ജനതയിലാണ്.  ആലപ്പാട് രക്ഷപ്പെടും, ഞങ്ങൾ ഇവിടെ തന്നെ ജീവിക്കും. അപ്പു ചന്ദ്രേട്ടന്റെ കടയിൽ നിന്ന് തന്നെ ഐസ് ക്രീം കഴിക്കും.

#SAVEALAPPAD #SAVEKERALA #STOPMINING

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.